മുംബൈ: രാജ്യത്ത് കൊറോണ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതിനിടെ ആശ്വാസം പകരുന്ന പഠനറിപ്പോർട്ടുമായി മുംബൈ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസിയുടെ പ്രബന്ധം. മേയ് 21 ഓടെ രാജ്യത്തെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യയ്ക്കു സാധിക്കുമെന്നാണ് പ്രബന്ധത്തിൽ പറയുന്നത്. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കർ, പല്ലവി ബെലേക്കർ എന്നിവരുടേതാണു പഠനം. അതേസമയം, മേയ് ഒന്ന് രാവിലെയുള്ള കണക്കുപ്രകാരം 25,007 കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്. 1147 പേർ മരിക്കുകയും ചെയ്തു.
‘ദ് എൻഡ് ഈസ് നിയർ: കൊറോണ സ്റ്റബിലൈസിങ് ഇൻ മോസ്റ്റ് ഇന്ത്യൻ സ്റ്റേറ്റ്സ്’ എന്ന പ്രബന്ധത്തിലാണു സാമ്പത്തിക വിദഗ്ധർ കൂടിയായ ഇവരുടെ നിർണായക പഠനവിവരങ്ങളുള്ളത്. കർശനമായ ലോക്ഡൗൺ നടപടികൾ എടുത്തതിനാൽ മേയ് ഏഴിനോടകം മിക്കവാറും സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താനാകുമെന്ന് ഇവർ കണക്കുകൂട്ടുന്നു.
ഈ പ്രബന്ധം വിവിധ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പാറ്റേൺ വിശദമായി പഠിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇതിനിടെ, വലിയ തോതിൽ അതിഥി തൊഴിലാളികൾ രാജ്യത്തിന്റെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതു ലോക്ക്ഡൗൺ നേട്ടങ്ങളെ കുറച്ചേക്കുമെന്നും പഠനസംഘം ഇക്കണോമിക്സ് ടൈംസിനോടു പറഞ്ഞു.
ഇതോടൊപ്പെ, നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 24,222 ആകുമെന്നും പഠനം പ്രവചിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്തെ കോവിഡ് ബാധിതർ 9915 ആയിരുന്നു. മേയ് 7 ആകുമ്പോൾ ഗുജറാത്തിൽ 4833 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ഇവർ പറയുന്നു.
Discussion about this post