കോയമ്പത്തൂർ: കൊവിഡ് ചാരിറ്റി ഫണ്ടിലേക്കായി പണം കണ്ടെത്താൻ സ്വന്തമായി ചിത്രം വരച്ച് വിൽപ്പനയ്ക്ക് വെച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. പെയിന്റിങ് ലേലം ചെയ്തപ്പോഴാകട്ടെ വിറ്റുപോയത് 4.14 കോടി രൂപക്കും. പെയിന്റിങിന്റെ വിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇഷാ ഫൗണ്ടേഷൻ നടത്തുന്ന ബീറ്റ് ദ വൈറസ് പ്രചാരണത്തിന് പണം കണ്ടെത്താനാണ് ചിത്രം ലേലം ചെയ്തത്. അഞ്ചടി നീളവും വീതിയുമുള്ള ക്യാൻവാസിലായിരുന്നു അബ്സ്ട്രാക്ട് ശൈലിയിലുള്ള ചിത്രം. ടു ലൈവ് ടോട്ടലി എന്ന പേരിട്ട ചിത്രത്തിൽ ഉറുമ്പ് മുതൽ ഡോൾഫിൻ വരെയുള്ള ജീവികൾ ഇടംപിടിച്ചു.
കൊവിഡ് പ്രതിരോധം തന്നെയായിരുന്നു ചിത്രത്തിന്റെ വിഷയമെന്നും ഇതൊരു മഹത്തായ പെയിന്റിങ് അല്ലെന്നും താൻ വലിയ ചിത്രകാരനല്ലെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു. ഇഷ ഫൗണ്ടേഷനിലെ 700 വളണ്ടിയർമാർ പാചകം ചെയ്ത ഭക്ഷണവും പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള പാനീയവും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരിലെ തൊണ്ടമുത്തൂർ ബ്ലോക്കിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് ഫൗണ്ടേഷൻ അധികൃതർ അവകാശപ്പെട്ടു. പാവങ്ങളെ സഹായിക്കാനും ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണമെത്തിക്കാനുമാണ് ഫണ്ട് കണ്ടെത്തുന്നതെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
ജനത്തെ ബോധവത്കരിക്കുന്നതിൽ സർക്കാർ സംവിധാനത്തോട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഐസൊലേഷൻ വാർഡ് സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ ഫൗണ്ടേഷൻ നൽകുന്നുണ്ടെന്നും ഇഷ ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
Discussion about this post