ജയ്പുർ: ആൽക്കഹോൾ ഉപയോഗിച്ച് കൈ കഴുകുമ്പോൾ വൈറസുകൾ നശിച്ചുപോകുന്നതു പോലെ ആൽക്കഹോൾ ചേർന്നിട്ടുള്ള മദ്യം കഴിക്കുന്നതിലൂടെ തൊണ്ടയിലെ വൈറസുകളെ തുരത്തുമെന്ന വാദവുമായി കോൺഗ്രസ് എംഎൽഎ. മദ്യം കഴിക്കുന്നത് തൊണ്ടയിൽ നിന്ന് വൈറസിനെ തുരത്തുമെന്നതിനാൽ മദ്യശാലകൾ തുറക്കണമെന്നു ആവശ്യപ്പെട്ടാണ് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഭരത് സിങ് കുന്ദൻപുര രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഇദ്ദേഹം കത്തയയ്ക്കുകയും ചെയ്തു.
സർക്കാർ വലിയ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ വ്യാജമദ്യത്തിലൂടെ അനധികൃത കച്ചവടക്കാർ ലാഭം കൊയ്യുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. മദ്യം കഴിച്ചെന്ന കരുതി വൈറസ് ചാവില്ലെന്ന് ശാസ്ത്രലോകം ആവർത്തിച്ചാവർത്തിച്ച് പല തവണ വ്യക്തമാക്കിയിരിക്കെയാണ് ഇത്തരം അബദ്ധജഡിലമായ പ്രസ്താവനയുമായി ജനപ്രതിനിധികൾ രംഗത്തുവരുന്നത്.
ലോക്ക്ഡൗൺ സമയത്ത് പ്രചാരത്തിലുള്ള വ്യാജമദ്യം കാരണം ജനങ്ങളുടെ ആരോഗ്യം അപകടത്തിലായിരിക്കുകയാണെന്നും ഒപ്പം സർക്കാരിന് ധന നഷ്ടവും ഉണ്ടാകുകയാണെന്നും ഇദ്ദേഹം പറയുന്നു. സർക്കാരിനെയും ജനങ്ങളെയും സഹായിക്കാൻ സംസ്ഥാനത്തെ മദ്യവിൽപനശാലകൾ വീണ്ടും തുറക്കുന്നതാണ് ബുദ്ധിയെന്നാണ ഭരത് സിങിന്റെ കത്തിലുള്ളത്. ഈ കത്തിലാണ് മദ്യം കഴിച്ചാൽ തൊണ്ടയിലെ കൊറോണ വൈറസ് ചാവുമെന്ന നിഗമനവും എംഎൽഎ നടത്തിയത്.
ആൽക്കഹോൾ ഉപയോഗിച്ച് കൈകഴുകുമ്പോൾ കൊറോണ നശിക്കുമെന്നതു പോലെ, മദ്യം കഴിക്കുന്നതിലൂടെ തൊണ്ടയിലെ വൈറസും നശിക്കും. അതെന്തായാലും വ്യാജമദ്യം കഴിക്കുന്നതിനേക്കാൾ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഭാരത് സിങ് പറയുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 35 ശതമാനമായും ബിയർ ഉൾപ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും പ്രാബല്യത്തിലാക്കിയുള്ള രാജസ്ഥാൻ സർക്കാർ ഉത്തരവിനു തൊട്ടുപിന്നാലെയാണ് ഭരത് സിങിന്റെ കത്ത് പുറത്തു വന്നത്.
Discussion about this post