ന്യൂഡൽഹി: കൊവിഡ് രോഗികളിൽ രോഗശാന്തിക്കായി പ്ലാസ്മ തെറാപ്പി ഫലപ്രദമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമായ ഡൽഹിയിലെ ആദ്യ രോഗി വ്യാഴാഴ്ച ആശുപത്രി വിട്ടെന്നും അദ്ദേഹം പറഞ്ഞു. എൽഎൻജെപി ആശുപത്രിയിൽ ചുരുക്കം ചില രോഗികളിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചതെന്നും കെജരിവാൾ വെളിപ്പെടുത്തി.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയിലാണ് ആദ്യം പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. രോഗമുക്തി നേടി ഇദ്ദേഹം ആശുപത്രി വിട്ടതോടെ ചികിത്സ ഫലം കണ്ടതായി നിഗമനത്തിലെത്തുകയായിരുന്നുവെന്നാണ് കെജ്‌രിവാളിന്റെ വിശദീകരണം.
കൊവിഡ് രോഗം ഭേദമായ ആയിരത്തോളം ആളുകളെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരിൽ മിക്കവരും കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാണ്. പ്ലാസ്മ തെറാപ്പി പരീക്ഷണാടസ്ഥാനത്തിൽ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും കെജരിവാൾ പറഞ്ഞു.
അതിനിടെ മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയ ആദ്യ രോഗി മരിച്ചു. 53കാരനായ രോഗി ഏപ്രിൽ 29 ന് മരിച്ചതായി മുംബൈ ലീലാവതി ഹോസ്പിറ്റൽ സിഇഒ ഡോ. രവിശങ്കർ അറിയിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ കൊവിഡ് 19ന് പ്ലാസ്മ തെറാപ്പിയാണ് പരിഹാരമെന്ന തീരുമാനത്തിലെത്താനായില്ലെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കൊവിഡ് 19ന് അംഗീകൃത ചികിത്സ ഇല്ല, പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post