മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 തീര്‍ത്ഥാടകരില്‍ 76 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

അമൃത്സര്‍: മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 തീര്‍ത്ഥാടകരില്‍ 76 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് അമൃത്സര്‍ സ്വദേശികള്‍ക്കാണ്. പഞ്ചാബ് മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി ഓം പ്രകാശ് സോണിയാണ് ഈ കാര്യം അറിയിച്ചത്.

നന്ദേഡില്‍ നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീര്‍ത്ഥാടകര്‍ക്ക് തിങ്കളാഴ്ച കൊവിഡ് വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗുരദ്വാരയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 തീര്‍ത്ഥാടകരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

അതേസമയം അമൃത്സറില്‍ ഇത്രയുമധികം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് മന്ത്രി ഓംപ്രകാശ് സോണി പറഞ്ഞത്. അമൃത്സറില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. പഞ്ചാബില്‍ പുതുതായി 105 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 480 ആയി. ഇരുപത് പേരാണ് വൈറസ് ബാധമൂലം പഞ്ചാബില്‍ മരിച്ചത്.

Exit mobile version