മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞദിവസം മാത്രം 583 പേര്‍ക്കാണ് കൊറോണ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 10,498 ആയി.
24 മണിക്കൂറിനുള്ളില്‍ 27 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 459ആയി ഉയര്‍ന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് മുംബൈയിലാണ്. കഴിഞ്ഞ ദിവസം ഇവിടെ മരിച്ചത് 20 പേരാണ്. ഇതോടെ കൊറോണ ബാധിച്ചുള്ള മുംബൈയിലെ മരണം 290ആയി.
കഴിഞ്ഞദിവസം മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത് 417 പേര്‍ക്കാണ്. ഇതോടെ രോഗികളുടെ എണ്ണം 6,061 ആയി ഉയര്‍ന്നു. പൂനെയില്‍ മൂന്ന് പേരും താനെയില്‍ രണ്ടുപേരും നാഗ്പൂരിലും റായ്ഗാഡിലും ഓരോ ആള് വീതവും കഴിഞ്ഞദിവസം മരിച്ചു. താനെയിലും മുംബൈയിലുമായി 8,244 പേരാണ് രോഗബാധിതര്‍.
പൂനെയില്‍ 1379 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 96 പേര് ഇതിനകം മരിച്ചു. പൂനെയില്‍ 1,113 പേരാണ് രോഗബാധിതര്‍. അതേസമയം, രാജ്യത്ത് കൊറോണ രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസം നല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 25.19 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post