ന്യൂഡൽഹി: കൊവിഡ് രാജ്യത്ത് അതിവേഗത്തിൽ വ്യാപിക്കുന്നതിനിടെ തടയിടാനായി സാധിക്കുന്ന മാർഗ്ഗങ്ങളെല്ലാം തേടി ഇന്ത്യ. കൊവിഡ് 19നെതിരെ ജാപ്പനീസ് പനിമരുന്നായ ഫേവിപിരാവിർ പരീക്ഷിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കൊവിഡ് 19 രോഗികളിൽ ഫേവിപിരാവിർ ഗുളികകൾ ഉപയോഗിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ് കൺട്രോളറിൽ നിന്ന് അനുമതി ലഭിച്ചതായി മുംബൈ ആസ്ഥാനമായുള്ള ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അവകാശപ്പെട്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗ്ലെൻമാർക്കിന് പുറമേ മുംബൈ ആസ്ഥാനമായുള്ള സിപ്ല എന്ന മരുന്നുകമ്പനി, ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് ഫാർമ എന്നീ കമ്പനിയും മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇൻഫഌവൻസ ചികിത്സയ്ക്കായി ജപ്പാനിൽ വികസിപ്പിച്ചെടുത്ത മരുന്നാണ് ഫേവിപിരാവിർ. കൊവിഡിനെതിരെ പരീക്ഷണ ചികിത്സയ്ക്കായി ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ ഈ മരുന്നിനെ കുറിച്ച് പഠിച്ചിരുന്നു. ഫേവിപിരാവിറിന്റെ ഉപയോഗം 91% രോഗികളിലും രോഗവസ്ഥയിൽ പുരോഗതിയുണ്ടാക്കിയതായി പറയുന്നു. എന്നാൽ കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ ഇത് ഫലപ്രദമായിട്ടില്ല. കൊവിഡ് 19 ചികിത്സയ്ക്കായി പരീക്ഷിക്കുന്ന നിരവധി മരുന്നുകളിൽ ഒന്നാണ് ഇത്.
മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ, എബോള മരുന്നായ റെംഡെസിവിർ, എച്ച്ഐവി മരുന്നുകളായ ലോപിനാവിർ, റിറ്റോണാവീർ എന്നിവയുടെ സംയുക്തം തുടങ്ങിയവയെല്ലാം ഒരേ കൂട്ടത്തിൽ പെട്ടതാണ്.
Discussion about this post