രക്തസാക്ഷികളായ കര്‍ഷകരുടെ തലയോട്ടിയും ഏന്തി മാര്‍ച്ച്, തടഞ്ഞാല്‍ നഗ്നരായി പ്രതിഷേധിക്കും! അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിലയുറപ്പിച്ച് കര്‍ഷക കൂട്ടായ്മ

കിസാന്‍ സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം കര്‍ഷക സംഘടനകളാണ് നാളെത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചിന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വന്‍ പിന്തുണ. പടു കൂറ്റന്‍ റാലിയില്‍ ബിജെപി സര്‍ക്കാരിന്റെ അടിവേരിന് കോട്ടം തട്ടുകയാണ്. രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഒഴുകി എത്തുകയാണ്.

കിസാന്‍ സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം കര്‍ഷക സംഘടനകളാണ് നാളെത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. നാളെ പാര്‍ലമെന്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ തുറന്നടിച്ചു. ഇതൊരു മുന്നറിയിപ്പാണെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.

‘പാര്‍ലമെന്റ് പ്രതിഷേധത്തില്‍ നിന്നും പോലീസ് തങ്ങളെ തടഞ്ഞാല്‍ നഗ്‌നരായി പ്രതിഷേധിക്കാനാണ് തീരുമാനം. ”കര്‍ഷക സംഘംനേതാവ് അയ്യക്കണ്ണ് പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. വിളയ്ക്ക് ന്യായ വില ലഭിക്കുകയെന്നതും. കര്‍ഷര്‍ക്ക് 5000 രൂപയെങ്കിലും പെന്‍ഷന്‍ വേണം. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത ഞങ്ങളുടെ സ്വന്തക്കാരുടെ തലയോട്ടിയുമാണ് ഈ പ്രതിഷേധം. പ്രതിഷേധമല്ലാതെ ഞങ്ങളുടെ മുന്നില്‍ വേറെ വഴിയില്ല- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വിത്തുകളുടെ വൈവിധ്യം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം. ഒന്നര വര്‍ഷത്തിനിടെ നാലാം തവണയാണ് ദല്‍ഹിയിലേയ്ക്ക് കര്‍ഷക സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന റാലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം.

Exit mobile version