ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വിമാന സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ലോക്ക് ആയത്. ഇപ്പോള്‍ മെയ് മധ്യത്തോടെ വിമാന സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യ. വേണ്ട തയ്യാറെടുപ്പുകളും നടത്തി വരുന്നതായാണ് വിവരം. പ്രതീക്ഷ ഉടലെടുത്തോടെ പൈലറ്റുമാരോടും കാബിന് ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.
ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ഗതാഗത സുരക്ഷാ പാസുകള്‍ക്കായി എയര്‍ ഇന്ത്യ ശ്രമങ്ങള്‍ തുടങ്ങി. എയര്‍ ഇന്ത്യയിലെ ആഭ്യന്തര ആശയവിനിമയങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ലോക്ക്ഡൗണിന് ശേഷം മെയ് മധ്യത്തോടെ 25% മുതല്‍ 30% വരെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ട്. കാബിന് ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ ഓപ്പറേഷന് സ്റ്റാഫുകള്‍ക്കയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറോടും (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റുമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് തയ്യാറായി നില്ക്കാന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണ്. യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് നടപടികളും ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസ് പുനഃരാരംഭിക്കാമെന്ന പ്രതീക്ഷ എയര്‍ ഇന്ത്യയും പങ്കുവെച്ചിരിക്കുന്നത്.
Discussion about this post