മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ കരസ്ഥമാക്കി ആധുനിക ബോളിവുഡിന്റെ ക്ലാസിക് നടന വൈഭവമെന്ന് സകലരും വിശേഷിപ്പിച്ച നടൻ ഇർഫാൻ ഖാന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്രാജിക് ക്ലൈമാക്‌സ് പോലെ ജീവിതത്തിന് തിരശ്ശീല വീണിരിക്കുകയാണ്. കഷ്ടപ്പെട്ട് ബോളിവുഡിലൊരു സ്ഥാനമുണ്ടാക്കിയെടുത്ത ഇർഫാൻ ക്ലാസിക് താരങ്ങളിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. ഇതിനിടെ, ഹോളിവുഡിലും നിരവധി അവസരങ്ങൾ താരത്തിനായി സൃഷ്ടിക്കപ്പെട്ടു. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു രോഗം പിടിപെട്ടത്. പിന്നാലെ ട്രാജിക് എൻഡ് പോലെ സിനിമാക്കഥയെ വെല്ലുന്നവിധം ഇർഫാനെ മരണവും തേടിയെത്തി.
കൊവിഡ് രോഗബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാരണം നികത്താനാവാത്ത നഷ്ടമാണ് ഇർഫാനാണ് സമ്മാനിച്ചത്. അസുഖം മൂർച്ഛിച്ചതിന് പിന്നാലെ ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം റദ്ദാക്കപ്പെട്ടതും. ഇതോടെ ചികിത്സയും. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടർചികിത്സ മുടങ്ങിയതെന്നതും നിലഗുരുതരമാക്കി.
അമ്മയുടെ മരണത്തിന്റെ രൂപത്തിലായിരുന്നു അടുത്ത ആഘാതം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇർഫാന്റെ മാതാവ് സയേദ ബീഗം മരിച്ചത്. ജയ്പൂരിലായിരുന്നു തൊണ്ണൂറ്റിയഞ്ചുകാരിയായ സയേദയുടെ മരണം. എന്നാൽ, മുംബൈയിലായിരുന്ന ഇർഫാന് വീട്ടിലെത്തി അമ്മയെ ഒരു നോക്ക് കാണാൻ സാധിച്ചില്ല. ആരോഗ്യസ്ഥിതി അതീവ ഗുരുതമായതിനാൽ യാത്രയും ചെയ്യാനായിരുന്നില്ല. മുംബൈയിലിരുന്ന് വീഡിയോ കോൾ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകൾ ഇർഫാൻ കണ്ടത്.
കൃഷ്ണ കോളനിയിൽ നിന്ന് ചുങ്കിനാക ഖബറിടത്തിലേയ്ക്കുള്ള അന്ത്യയാത്ര കണ്ണീരോടെ ഇർഫാൻ കണ്ടുതീർത്തു. ഇതിന് തൊട്ടുപിന്നാലെയായി അമ്മയുടെ അരികിലേക്ക് ഇർഫാനും യാത്രയായിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് ഇർഫാന്റെ മരണം സ്ഥിരീകരിച്ചത്. കാൻസർ രോഗബാധിതനായി നീണ്ടനാളായി ചികിത്സയിലായിരുന്നു. ഇർഫാന് സൽമാൻ, ഇമ്രാൻ എന്നീ രണ്ട് സഹോദരങ്ങളാണ് ഉള്ളത്. രോഗക്കിടക്കയിൽ കിടന്നുകൊണ്ട് തന്നെ രോഗശയ്യയിലായിരുന്നു അമ്മയുടെ ആരോഗ്യസ്ഥിതി ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു ഇർഫാൻ.