ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം പരീക്ഷകള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസ്സ് വിദ്യാര്‍ഥികളെ ജയിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഡല്‍ഹി സര്‍ക്കാര്‍. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നടത്തിയ ചര്‍ച്ചയിലാണ് ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം മുന്നോട്ടുവെച്ചത്.
അടുത്ത അധ്യയന വര്‍ഷം എല്ലാ ക്ലാസ്സുകളിലേയും സിലബസ് 30 ശതമാനം കുറയ്ക്കാനും ജെഇഇ, നീറ്റ് പരീക്ഷകള്‍ക്കുള്ള കോഴ്സുകളുടെ എണ്ണം കുറയ്ക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു.
ദൂരദര്ശന്, ഓള് ഇന്ത്യ റോഡിയോ എഫ്എം എന്നിവയിലൂടെ അധ്യാപകര്‍ നിത്യവും മൂന്ന് മണിക്കൂര്‍ വീതം ക്ലാസ്സ് എടുക്കുന്ന സംവിധാനം നടപ്പിലാക്കണമെന്നും മനീഷ് സിസോദിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 16 മുതലാണ് രാജ്യത്തെ സ്കൂള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവ അടച്ചിട്ടത്.
Discussion about this post