കാണാതായ ട്രാന്‍സ്‌വുമണ്‍ സ്ഥാനാര്‍ത്ഥി ഒടുവില്‍ തിരിച്ചെത്തി; പോലീസിന് മൊഴി നല്‍കാന്‍ വിസമ്മതം, കോടതിയില്‍ മൊഴി നല്‍കും

ചന്ദ്രമുഖിയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍നിന്ന് ഒറ്റയ്ക്ക് ഇറങ്ങി പോകുന്ന ചന്ദ്രമുഖിയുടെ സിസിടിവി ദൃശങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു

ഹൈദരാബാദ്: കാണാതായ തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ ചന്ദ്രമുഖി മുവ്വാല പോലീസ് സ്റ്റേഷനിലെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ചന്ദ്രമുഖി, തന്റെ അഭിഭാഷകനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത്.

ചൊവ്വാഴ്ച്ച മുതല്‍ കാണാതായ ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കാണിച്ച് ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സംഭവിച്ചതെന്താണെന്ന് പോലീസിന് മൊഴി നല്‍കാന്‍ ചന്ദ്രമുഖി തയ്യാറായിട്ടില്ല. സംഭവം കോടതിയ്ക്ക് മുന്നില്‍ മാത്രമേ പറയുമെന്നും ചന്ദ്രമുഖി വ്യക്തമാക്കി.

ചന്ദ്രമുഖിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചന്ദ്രമുഖിയെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി.

ചന്ദ്രമുഖിയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍നിന്ന് ഒറ്റയ്ക്ക് ഇറങ്ങി പോകുന്ന ചന്ദ്രമുഖിയുടെ സിസിടിവി ദൃശങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. നടന്ന് പോകുന്നതും, മുഖം വ്യക്തമാകാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് 10 പേരടങ്ങുന്ന സംഘം ചന്ദ്രമുഖിയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു ട്രാന്‍സ് വുമണ്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് ചന്ദ്രമുഖിയുടെ തിരോധാനത്തിന് പിന്നിലെന്നാണ് ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് ആരോപിച്ചത്. തെലങ്കാനയിലെ ആദ്യ ട്രാന്‍സ്‌വുമണ്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി.

Exit mobile version