ലഖ്നൗ: ക്വാറന്റൈനില്‍ കഴിയുന്നവരോട് അധികൃതര്‍ വളരെ മോശമായി പെരുമാറുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത്. ഉത്തര്‍ പ്രദേശിലെ ആഗ്രയിലുള്ള ക്വാറന്റൈന് കേന്ദ്രത്തിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അടച്ചിട്ടിരിക്കുന്ന ക്വാറന്റൈന് കേന്ദ്രത്തിന്റെ മുന്നില്‍ പിപിഇ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വ്യക്തി ക്വാറന്റൈന് കേന്ദ്രത്തിന് അകത്തുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കൊറോണ വ്യാപിച്ചതോടെ ജില്ലാഭരണകൂടം ക്വാറന്റൈന് കേന്ദ്രമാക്കി മാറ്റിയിരിക്കുന്ന ശാരദ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ കോളജിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.
ക്വാറന്റൈന് കേന്ദ്രത്തിലുള്ളവര്‍ കൊറോണ രോഗികളല്ല. രോഗം സംശയിക്കുന്നവര്‍ മാത്രമാണ്. ഭക്ഷണവും വെള്ളത്തിന്റെ കുപ്പിയും എറിഞ്ഞു കൊടുക്കുന്ന വ്യക്തി എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് എത്തിയിട്ടുള്ളത്. എന്നിട്ടും ഭക്ഷണം കൃത്യമായി വിതരണം ചെയ്യുന്നില്ല.
ഭക്ഷണം എറിഞ്ഞു കൊടുക്കുമ്പോള്‍ ഗേറ്റിനഴിയിലൂടെ കൈയ്യിട്ട് കിട്ടുന്നവര്‍ എടുക്കുകയാണ് ചെയ്യുന്നത്. അല്ലാത്തവര്‍ പട്ടിണിയില്‍. ക്വാറന്റൈന് കേന്ദ്രത്തില്‍ പരിശോധനയ്ക്ക് വന്ന ഒരു സ്ത്രീയാണ് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മുമ്പും ഇവിടെ ഭക്ഷണം എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ക്വാറന്റൈന് കേന്ദ്രത്തിലുള്ളവര്‍ പറയുന്നു. ജില്ലാ ഭരണകൂടവും ഈ സംഭവം ശരിവച്ചു. സംഭവം ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഭു നാരായണ്‍ സിങ് പ്രതികരിച്ചു. സംഭവം അറിഞ്ഞ ഉടനെ ഇടപെട്ടിരുന്നു. ഇപ്പോള്‍ എല്ലാം ശരിയാക്കിയിട്ടുണ്ടെന്നും കുഴപ്പങ്ങളില്ലെന്നും പ്രഭു നാരായണ്‍ സിങ് അവകാശപ്പെട്ടു.
പ്രദേശത്തെ ചെറിയ വീടുകളില്‍ കഴിയുന്നവരെ കോളജിലേക്ക് മാറ്റിയതാണ്. സാമൂഹിക അകലം ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്ന് മറ്റ് അധികൃതര്‍ പറയുന്നു. എന്തായാലും വീഡിയോ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് അധികൃതര്‍ നേരിടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടുവെന്നാണ് വിവരം.
Discussion about this post