അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അതേസമയം ഗുജറാത്തില്‍ പടരുന്നത് വുഹാനില്‍ ആയിരങ്ങളുടെ ജീവനെടുത്ത കൊവിഡിന്റെ എല്‍ ടൈപ്പ് വൈറസാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഗുജറാത്തിലെ ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് എല്‍ ടൈപ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
വുഹാനില്‍ ആയിരങ്ങളുടെ ജീവന് കവര്‍ന്ന വൈറസാണ് എല്‍ ടൈപ്പ് കൊറോണ വൈറസ്. വുഹാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നതിനിടെ വൈറസിന്റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഇന്ത്യയില്‍ എല്‍ ടൈപ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഒരു രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ മാത്രമാണ് ജീനോം സീക്വന്‍സിംഗ് നടത്തിയതെന്നും ഭൂരിഭാഗം പേരെയും ബാധിച്ചിരിക്കുന്നത് ഇതേ വൈറസാണെന്ന് പറയാറായിട്ടില്ലെന്നുമാണ് ബയോടെക്നോളജി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സിജി ജോഷി വ്യക്തമാക്കിയത്.
എന്നാല്‍ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് പരിശോധിക്കുമ്പോള്‍ അതിനുള്ള സാധ്യത തള്ളി കളയാനാകില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. സംസ്ഥാനത്ത് വൈറസ് ബാധമൂലം ഇതുവരെ 151 പേരാണ് മരിച്ചത്.
Discussion about this post