മുംബൈ: രാജ്യത്ത് കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിന് മുസ്ലിങ്ങളെ കുറ്റപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കുറച്ച് പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ഒരു സമുദായത്തെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനം പരാമര്‍ശിക്കാതെയാണ് മോഹന്‍ ഭാഗവത് സംസാരിച്ചത്. കൂടാതെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിലും അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചു.
മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍;
ഒരുതരത്തിലുള്ള വിവേചനവും കാണിക്കാതെ കൊവിഡ് ബാധിച്ചവരെ സഹായിക്കണം. 130 കോടി ഇന്ത്യക്കാരും ഒരു കുടുംബമാണ്. നമ്മളെല്ലാം ഒന്നാണ്. കുറച്ചാളുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ആ തെറ്റുകള്‍ക്ക് ഒരു സമുദായത്തെ മുഴുവന്‍ പഴിക്കുന്നത് ശരിയല്ല. പക്വതയുള്ളവര്‍ മുന്നോട്ട് വന്ന് ആളുകളിലെ മുന്‍വിധി മാറ്റിയെടുക്കാന്‍ ചര്‍ച്ച നടത്തണം. കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
പ്രദേശവാസികള്‍ ഒരിക്കലും നിയമം കൈയ്യിലെടുക്കാന്‍ പാടില്ലായിരുന്നു. രണ്ട് സന്യാസിമാരും തെറ്റുകാരല്ലായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന വാദങ്ങള്‍ ശ്രദ്ധിക്കാതെ തെറ്റുകാരല്ലാത്തവരെ കൊല്ലുന്നത് ശരിയാണോയെന്നാണ് ചിന്തിക്കേണ്ടത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ആളുകളില്‍ നിന്ന് നമ്മള്‍ അകലം പാലിക്കണം. സമൂഹത്തെ വിഘടിപ്പിച്ച് അക്രമം അഴിച്ചുവിടുന്നതാണ് അവരുടെ തന്ത്രം.
Discussion about this post