ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്്. പുതുതായി 1396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 27,896 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 24 മണിക്കൂറിനുള്ളില്‍ 48 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 876 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം രാജ്യത്ത് 6185 പേര് രോഗമുക്തി നേടിയെന്നും അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 8068 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇന്നലെ പത്തൊമ്പത് പേരാണ് ഇവിടെ മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 342 ആയി. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1188 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Discussion about this post