ലക്‌നൗ: കൊവിഡ് കാലത്തും ആര്‍എസ്എസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. സര്‍ക്കാര്‍ ഏജന്‍സികളും എന്‍ജിഒകളും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രം വിതരണം ചെയ്യുന്നുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
കൊറോണ കാലത്തും ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് സാമൂഹിക അടുക്കളകളും ആര്‍എസ്എസിന്റെ സംഭരണശാലകളും തമ്മില്‍ വ്യത്യാസമില്ല. സന്നദ്ധ സംഘടനകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ ആര്‍എസ്എസ് അവരുടേതാണെന്ന് അവകാശപ്പെടുന്നു, പിന്നീട് ഇത് മോഡിയുടെ ചിത്രം പതിപ്പിച്ച ബാഗുകളില്‍ ബിജെപി അനുകൂല കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.-അഖിലേഷ് യാദവ് ആരോപിച്ചു. സംഘത്തിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രമാണോ ബിജെപി സര്‍ക്കാരിനെ തെരഞ്ഞെടുത്തതെന്നും അഖിലേഷ് യാദവ് ചോദിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മോഡലുകളൊന്നും ഫലം കാണുന്നില്ല. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ആണ് ഇതിന് കാരണമെന്നും അഖിലേഷ് പറഞ്ഞു.
Discussion about this post