ക്വലാലംപുർ: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ മേയ് 21നകം കൊവിഡ് വ്യാപനം നിലയ്ക്കുമെന്ന് പഠനം. സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് ഇത്തരമൊരു പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ രോഗബാധ സംശയിക്കുന്നവർ, രോഗം ബാധിച്ചവർ, രോഗവിമുക്തരായവർ തുടങ്ങിയ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിർമ്മിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകർ ഈയൊരു നിഗമനത്തിലെത്തിയത്. ഇതനുസരിച്ച് മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡ്19 ന്റെ വ്യാപനം 97 ശതമാനവും കറയും. മേയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കോവിഡ് വ്യാപനത്തിന്റെ നിരക്ക് 97 ശതമാനവും കുറയും. ഡിസംബർ എട്ട് ആകുമ്പോഴേക്കും രോഗം പൂർണമായും അപ്രത്യക്ഷമാകുമെന്നും ഇവർ പറയുന്നു.
എന്നാൽ എല്ലാ ദിവസവും പുതിയ വിവരങ്ങൾക്കനുസരിച്ച് ഈ പ്രവചനത്തിൽ മാറ്റം വരുത്താറുണ്ട്. ഗവേഷണ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായാണ് ഈ പ്രവചനം നടത്താറുള്ളത്. മേയ് 16 വരെ ലോക്ക് ഡൗൺ നീട്ടിയാൽ ഇന്ത്യയിൽ കൊറോണ രോഗികൾ പുതിയതായി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവർ നടത്തിയ പ്രവചനം. അതേസമയം, ഇന്ത്യയിലെ ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 26,496 ആയി ഉയർന്നിരിക്കുകയാണ്.