കുർണൂൽ: ജനങ്ങൾക്ക് എന്നും കരുതലും സാന്ത്വനവുമായിരുന്ന ആന്ധ്രയിലെ ‘രണ്ടു രൂപ’ ഡോക്ടറുടെ ജീവൻ കവർന്ന് കൊവിഡ്. പണത്തെക്കാളും മനുഷ്യത്വത്തിന് പ്രാധാന്യം നൽകയിരുന്നു ആതുരസേവനരംഗത്തെ മാതൃകയായിരുന്ന കുർണൂലിലെ ഡോ.ഇസ്മായിൽ ഹുസൈനാണ് മരിച്ചത്. ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അസുഖബാധിതനായി ചികിത്സ തേടിയത്. മരണശേഷമാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗികളിൽ നിന്ന് ചികിത്സാ ഫീസായി വെറും രണ്ടു രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടറെ കുറിച്ച് രാജ്യം തന്നെ ആദരവോടെയായിരുന്നു സംസാരിച്ചിരുന്നത്. രോഗികളിൽ നിന്ന് അദ്ദേഹം ഫീസ് ചോദിച്ച് വാങ്ങിയിരുന്നില്ല. വരുന്നവർ എന്ത് നൽകുന്നുവോ അത് സ്വീകരിക്കാറാണ് പതിവ്. ചികിത്സയ്‌ക്കെത്തുന്നവർ പതിവായി രണ്ടു രൂപ നൽകിത്തുടങ്ങിയതോടെയാണ് ഡോ. ഇസ്മായിൽ ഹുസൈൻ രണ്ടു രൂപ ഡോക്ടർ എന്നറിയപ്പെടാൻ തുടങ്ങിയത്.
പണ്ട് തുടങ്ങിയ ശീലം അവസാനകാലം വരെയും ഡോക്ടർ മാറ്റമില്ലാതെ തുടർന്നിരുന്നു. ഇദ്ദേഹത്തിന് സമീപം എപ്പോഴും ഒരു പെട്ടിയുണ്ടാകും. കാണാനെത്തുന്ന രോഗികൾക്ക് അതിൽ ഇഷ്ടമുള്ള തുകയിടാം. ചില്ലറയായോ നോട്ടായോ ഇതൊന്നും ഡോക്ടർ ശ്രദ്ധിക്കാറു പോലുമില്ല എന്നാണ് നാട്ടുകാർ തന്നെ പറയുന്നത്. ഡോക്ടറുടെ വിയോഗത്തോടെ ഇല്ലാതായിരിക്കുന്നത് സാധാരണക്കാരുടെ ആശ്രയം കൂടിയാണ്.