കൊല്‍ക്കത്ത: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലെ മലിനീകരണ തോത് വളരെ ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ നദിയിലെ വെള്ളം തെളിഞ്ഞ വാര്‍ത്തകളൊക്കെ നമ്മള് കണ്ടതാണ്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാരണം വ്യവസായ ശാലകള്‍ അടച്ചിട്ടതോടെ മാലിന്യം കുറഞ്ഞ ബംഗാളിലെ ഹൂബ്ലി നദിയില്‍ ഒരു അതിഥി മുപ്പത് വര്‍ഷത്തിന് ശേഷം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗാ ഡോള്‍ഫിനാണ് ആ അതിഥി. നദിയിലെ മലിനീകരണം കുറഞ്ഞതോടെയാണ് ഇവ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ ബാബുഘട്ടിലാണ് ഇവയെ കണ്ടെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ശുദ്ധജല ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
2009 ഒക്ടോബര്‍ 5 നാണ് കേന്ദ്രസര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. 2009 മുതല്‍ ആസാമിന്റെ ദേശീയ ജലജീവിയും ഗംഗാ ഡോള്‍ഫിനാണ്.
Discussion about this post