ന്യൂഡല്‍ഹി: ലോകം ഇന്ന് ചൈനയില്‍ നിന്നും അകലുകയാണെന്നും ഇത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ന് ലോകം ചൈനയുമായി വ്യാവസായിക രംഗത്ത് സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഇന്ത്യയ്ക്ക് വലിയ അവസരങ്ങള്‍ ഒരുക്കുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ലോകത്താകമാനം വ്യാപിച്ച കൊറോണ വൈറസിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്തെ ചെറുകിട – ഇടത്തരം വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അതിനെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രതികരണം. ലോകത്തെ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ചൈന വന്‍ ശക്തിയാണെങ്കില്പ്പോലും അവരുമായി വ്യാപാരം നടത്താന്‍ ലോകരാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
2025 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ (500000 കോടി) ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൈനയുടെ ഭീഷണി മുന്നില്‍ക്കണ്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) സ്വീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയിരുന്നു.
അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നേരിട്ടുള്ള നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് വേണമെന്ന തരത്തിലാണ് വ്യവസ്ഥകളില്‍ മാറ്റംവരുത്തിയത്. കൊറോണ വൈറസ് ബാധയുടെ സാഹചര്യം മുതലെടുത്ത് അവസരവാദപരമായ ഏറ്റെടുക്കലുകള്‍ നടത്തുന്നതില്‍നിന്ന് അയല്‍രാജ്യങ്ങളിലെ കമ്പനികളെ തടയാനാണ് വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതെന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
പിന്നാലെ നീക്കം വിവേചനപരമാണെന്ന ആരോപണവുമായി ചൈന രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് ലോകം കൊറോണയില്‍ നിന്നകലുകയാണെന്നും ഈ സാഹചര്യം ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമാണെന്നും തരത്തിലുള്ള പ്രതികരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
Discussion about this post