തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കും വിലക്കേര്‍പ്പെടുത്തണം; അര്‍ണബിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മുംബൈ: റിപ്പബ്ലിക് ടി.വി.ക്കും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കും വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയില്‍. പാല്‍ഘറിലെ ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതിനാണ് അര്‍ണബിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

പാല്‍ഘറില്‍ രണ്ട് സന്ന്യാസിമാരെയും ഡ്രൈവര്‍മാരെയും നാട്ടുകാര്‍ സംഘടിച്ച് തല്ലിക്കൊന്ന സംഭവം വര്‍ഗീയവത്കരിക്കാനാണ് അര്‍ണബ് ഗോസ്വാമി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഭായ് ജഗ്താപും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിങ് ഠാക്കൂറും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയെയും ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ പേരില്‍ അര്‍ണബിനും റിപ്പബ്ലിക് ടി.വി.ക്കുമെതിരേ നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുള്ളത്. ഇവയുടെ അന്വേഷണം തീരുന്നതുവരെ അര്‍ണബ് ഗോസ്വാമിയെ വിലക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ അര്‍ണബ് ടെലിവിഷന്‍ പരിപാടികള്‍ അവതിരിപ്പിക്കുന്നുണ്ട്. ഇത് വിലക്കണമെന്നും എതെങ്കിലും ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുന്നതില്‍നിന്ന് അര്‍ണബിനെ തടയണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെടുന്നു. അതേസമയം, കഴിഞ്ഞദിവസം അര്‍ണബിനെ ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ രണ്ടുപേരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അരുണ്‍ ബൊറാഡേ, പ്രതീക് ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ റിപ്പബ്ലിക് ടി.വി. ആസ്ഥാനത്തുനിന്ന് വര്‍ളിയിലെ വീട്ടിലേക്കു പോകുമ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് അര്‍ണബിന്റെ പരാതി. അറസ്റ്റിലായവര്‍ഷങ്ങളായി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവരുന്നവരാണെന്ന് മുംബൈ പോലീസ് അറിയിച്ചു.

Exit mobile version