അവശ്യസാധനങ്ങള്‍ അല്ലാത്തവയും വില്‍ക്കാന്‍ അനുവദിക്കണം; കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ന്യൂഡല്‍ഹി: അവശ്യസാധനങ്ങള്‍ അല്ലാത്തവയും വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും രംഗത്ത്.

ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പറയുന്നത്. സുരക്ഷിതമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ ഇ- കൊമേഴ്‌സ് വഴി വളരെ എളുപ്പം സാധിക്കുമെന്ന് ഇവര്‍ പറയുന്നു.

ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നതിന് തങ്ങള്‍ പ്രതിജ്ജാബദ്ധരാണെന്നാണ് ആമസോണ്‍ പറയുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ ഇ-കൊമേഴ്‌സ് കമ്പനികളെ അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിങ് മാളുകളല്ലാത്ത എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. അവശ്യസാധനങ്ങളും അല്ലാത്തതും വില്‍ക്കുന്ന കടകള്‍ക്ക് ഇതുപ്രകാരം തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവാദമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

Exit mobile version