കൊവിഡിനെ തടയാൻ മൂക്കിൽ കടുകെണ്ണ ഒഴിക്കുക; ഒരു മിനിറ്റ് ശ്വാസം പിടിച്ചുവെച്ചാൽ കൊവിഡ് പരിശോധനയും കഴിഞ്ഞു; അശാസ്ത്രീയത പ്രചരിപ്പിച്ച് ബാബ രാംദേവ്

ന്യൂഡൽഹി: രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോൾ അതിനെ തകർക്കുന്ന രീതിയിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി യോഗ ഗുരു ബാബ രാംദേവ്. കൊവിഡ്19 പ്രതിരോധത്തിനും കൊവിഡ് നിർണയത്തിനും അശാസ്ത്രീയ മാർഗങ്ങൾ ജനങ്ങൾക്ക് ഉപദേശമായി നൽകിയിരിക്കുകയാണ് രാംദേവ്. പ്രായവർക്ക് 30 സെക്കന്റും യുവാക്കൾക്ക് ഒരു മിനിറ്റും ശ്വാസം പിടിച്ചുവെക്കാനാവുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൊവിഡ് രോഗം ഇല്ലെന്നും ഒപ്പം മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതിലൂടെ കൊറോണ വൈറസിനെ തുരത്താമെന്നും രാംദേവ് പറയുന്നു.

മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതുവഴി കൊറോണ വൈറസ് മൂക്കിൽ നിന്നും വയറ്റിലെത്തുകയും വയറ്റിലെ ആസിഡ് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നുമാണ് ബാബാ രാംദേവ് പറയുന്നത്. ആജ് തക്ക് ചാനലിനോടായിരുന്നു രാംദേവിന്റെ പരാമർശം.

കൊറോണ വൈറസിനെതിരായി ഉജ്ജയ് എന്ന പേരിലുള്ള പ്രത്യേക പ്രാണയാമം തന്നെ ഉണ്ടെന്നാണ് രാംദേവിന്റെ വാദം. ‘ഉജ്ജയ് ചെയ്യുന്നതിനായി നിങ്ങൾ തൊണ്ട ചുരുക്കുക. ശബ്ദത്തോടു കൂടി വായു ഉള്ളിലേക്കെടുക്കുക. കുറച്ചു സമയത്തേക്ക് പിടിച്ചു വെച്ച് ക്രമേണ പുറത്തേക്ക് വിടുക. ഇങ്ങനെ ചെയ്യുന്നത് ഒരു സ്വയം കൊവിഡ് പരിശോധനയാണ്. രക്തസമ്മർദ്ദവും ഹൃദയ പ്രശ്‌നങ്ങളും ഡയബറ്റിസും ഉള്ളവർക്കും പ്രായമായവർക്കും ശ്വാസം 30 സെക്കന്റ് വരെ പിടിച്ചു വെക്കാൻ പറ്റും. ചെറുപ്പക്കാർക്ക് ഒരു മിനിറ്റും. ഇതിന്റെ അർത്ഥം നിങ്ങൾക്ക് കൊവിഡോ കൊവിഡ് രോഗലക്ഷണമോ ഇല്ലെന്നാണ്,’- രാം ദേവ് അവകാശപ്പെടുന്നു.

ഈ ശ്വാസ പ്രക്രിയ ചെയ്തു കാണിച്ചു കൊണ്ടായിരുന്നു ബാബാ രാം ദേവിന്റെ പരാമർശം. ഇതിനൊപ്പം മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതും കൊവിഡിനെ ഇല്ലാതാക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു. മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുകയാണെങ്കിൽ ശ്വാസകോശത്തിലുള്ള ഏത് കൊറോണ വൈറസും ആമാശയത്തിലേക്ക് ഒഴുകുകയും ഇവിടെയുള്ള ആസിഡുകൾ അതിനെ നശിപ്പിക്കുകയും ചെയ്യുമെന്നും തുടർന്ന് ബാബ രാംദേവ് പറഞ്ഞു.

Exit mobile version