ന്യൂഡൽഹി: കൃത്യതയില്ലാത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് പൊതുജനാരോഗ്യത്തെ മോഡി സർക്കാർ അപകടത്തിലാക്കിയെന്ന് ശശി തരൂർ എംപി. പിഴവകളുളള കോവിഡ് റാപിഡ് ആന്റിബോഡി കിറ്റുകൾ വാങ്ങി നരേന്ദ്ര മോഡി സർക്കാർ പണവും സമയവും പാഴാക്കിയെന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു. പൊതുപണം പാഴാക്കുന്നതിനും പൊതുജനാരോഗ്യം അപകടത്തിലാക്കുന്നതിനും ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. ‘യുഎസ്, ദക്ഷിണകൊറിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേത് പോലെ കിറ്റുകൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയാണ് പ്രശ്നങ്ങൾക്കുള്ള ഉത്തരം. അതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തിയില്ല-തരൂർ പറഞ്ഞു.
വാങ്ങിയ കിറ്റുകളിൽ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. കേന്ദ്ര സർക്കാരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും പരാജയമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണിതെന്നും തരൂർ കുറ്റപ്പെടുത്തി. ഫലപ്രദമല്ലെന്ന പരാതികളെ തുടർന്ന് റാപിഡ് ആന്റിബോഡി ടെസ്റ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതുവരെ ഇതിന്റെ ഉപയോഗം നിർത്തിവെയ്ക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ഐസിഎംആർ ചൊവ്വാഴ്ച നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ രണ്ട് ചൈനീസ് കമ്പനികളിൽ നിന്നായി അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയത്. ഇത് വിവിധ സംസ്ഥാനങ്ങൾ വിതരണം ചെയ്തിരുന്നു. ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരം ഇല്ലെന്നും ടെസ്റ്റ് റിസൾട്ടിൽ കൃത്യതയില്ലെന്നുമാണ് ആരോഗ്യപ്രവർത്തകരുടെ വ്യാപക പരാതി.
മറ്റു രാജ്യങ്ങളിൽനിന്നു സമാനമായ പരാതികൾ ഉയർന്നിട്ടും സർക്കാർ പാഠം പഠിച്ചില്ല. മറ്റുള്ളവർ ചെയ്ത തെറ്റ് ആവർത്തിച്ചു. പൊതുജനാരോഗ്യത്തിനും പൊതുപണത്തിനും ഉത്തരവാദിത്തമില്ലാതെയാണ് സർക്കാർ പ്രവർത്തിച്ചത്. നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും സർക്കാരിന്റെ പരാജയം എത്രത്തോളമുണ്ടെന്ന് ഇത് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post