അടച്ചിട്ട ആശുപത്രിയുടെ മുന്നില്‍ പ്രവേശനത്തിനായി ഫുട്പാത്തില്‍ മണിക്കൂറോളം കാത്ത് നിന്ന് 69ഓളം കൊവിഡ് രോഗികള്‍; ദാരുണമായ ഈ കാഴ്ച ഉത്തര്‍പ്രദേശില്‍

ലഖ്‌നൗ: ‘അടച്ചിട്ട ആശുപത്രിയുടെ മുന്നിലെ ഫുട്പാത്തില്‍ കാത്ത് നിന്ന് 69ഓളം കൊവിഡ് രോഗികള്‍’ ഈ ദാരുണമായ കാഴ്ച മറ്റെവിടെയുമല്ല, ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ ഈശ്വര്‍ ജില്ലയിലെ സയ്ഫായി മെഡിക്കല്‍ കോളേജിനു മുന്നില്‍ ആശുപത്രി പ്രവേശനത്തിനായാണ് ഇവര്‍ മണിക്കൂറോളം കാത്തു നിന്നത്.

പ്രത്യേക വാര്‍ഡിലേക്ക് ഇവരെ മാറ്റുന്നതില്‍ ഉണ്ടായ താമസമാണ് രോഗികള്‍ പുറത്തിറങ്ങി ഫുട്പാത്തില്‍ നില്‍ക്കാന്‍ ഇടയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം അറിഞ്ഞത്. രോഗികള്‍ക്കൊപ്പം ആഗ്രയില്‍ നിന്ന് ഒരു എസ്‌കോര്‍ട്ട് ടീമിനെയും പറഞ്ഞു വിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ ഹോസ്പിറ്റല്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നതും രോഗികള്‍ പുറത്ത് കാത്ത് നില്‍ക്കുന്നതും വ്യക്തമാണ്. കേവലം മാസ്‌ക് മാത്രം ധരിച്ചാണ് രോഗികള്‍ 112 കിലോമീറ്റര്‍ സഞ്ചരിച്ച് ആഗ്രയില്‍ നിന്ന് സയ്ഫായിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ തന്നെ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥനായ ചന്ദ്രപാല്‍ സിങ്ങ് മറ്റെങ്ങോട്ടും പോകരുതെന്ന് രോഗികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും കാണാം.

രോഗികളെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതരും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വൈകിയതെന്നും ഇതില്‍ ആശുപത്രിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അധികൃതരും അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ രോഗികളെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

Exit mobile version