ന്യൂഡൽഹി: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കഷ്ടത്തിലായ പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്താൻ സഹായിച്ച പോലീസുദ്യോഗസ്ഥന്റെ പേര് കുഞ്ഞിന് നൽകി ദമ്പതിമാരുടെ ആദരം. ആംബുലൻസ് ലഭിക്കാതെ ബുദ്ധിമുട്ടിയ കുടുംബത്തെ സ്വന്തം കാറിലാണ് പോലീസ് കോൺസ്റ്റബിളായ ദയവീർ ആശുപത്രിയിലെത്തിച്ചത്. ജനിച്ചത് ആൺകുട്ടിയായതിനെ തുടർന്ന് ദയവീറിന്റെ പേര് തന്നെ കുഞ്ഞിന് നൽകാൻ അനുപയെന്ന യുവതിയും ഭർത്താവ് വിക്രവും തീരുമാനിക്കുകയായിരുന്നു.
അനുപയ്ക്ക് പ്രസവവേദന ആരംഭിച്ചതോടെ ആശുപത്രിയിലെത്താൻ വാഹനം അന്വേഷഇച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് വസിർപുർ നിവാസിയായ വിക്രം അശോക് വിഹാർ പോലീസ് സ്റ്റേഷനിലേക്ക് സഹായത്തിനായി വിളിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് മറ്റ് വാഹനങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ ദയവീർ സ്വന്തം കാറുമായെത്താൻ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ദയവീർ വിക്രമിനേയും അനുപയേയും ഹിന്ദുറാവു ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങി. ഏഴരയോടെ ആൺകുഞ്ഞ് പിറന്നതായും കുഞ്ഞിന് തന്റെ പേര് നൽകിയതായി അവർ അറിയിച്ചതായും ദയവീർ പറഞ്ഞു.
പത്ത് വർഷത്തിലേറെയായി ഡൽഹി പോലീസിൽ കോൺസ്റ്റബിളായി സേവനമനുഷ്ഠിക്കുന്നയാളാണ് ദയവീർ. കോവിഡ്19 നെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാണ് ഡൽഹി പോലീസെന്നും ജനങ്ങൾക്ക് സഹായമാവശ്യമുള്ളപ്പോൾ അത് നൽകാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ദയവീറിനെ അഭിനന്ദിക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് വിജയാനന്ദ ആര്യ പറഞ്ഞു. അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
Discussion about this post