ന്യൂഡല്‍ഹി: രാജ്യത്തെ നാല് തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശനം നടത്തും. അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കുന്നത്. നേരത്തേ മുംബൈ, പൂനെ, ജയ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
അതേസമയം അഹമ്മദാബാദില്‍ കൊവിഡ് വ്യാപനം ഇപ്പോഴത്തെ തോതില്‍ തുടരുകയാണെങ്കില്‍ അടുതത്ത മാസം പകുതിയോടെ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷവും മെയ് 31ന് എട്ടുലക്ഷവും കടന്നേക്കാമെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പറേഷന് കമ്മീഷണര്‍ വിജയ് നെഹ്റ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഇതിനോടകം 23,452 ആയി ഉയര്‍ന്നു. 723 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ ഒമ്പത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ന്റ്മെന്റ് സോണുകളുടെ എണ്ണം 92 ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം 2500 കടന്നു. രാജസ്ഥാനില്‍ ഇതുവരെ 32 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post