കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ക് ഡൗണ്‍ കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഇതനുസരിച്ച് ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ കര്‍ശന നിബന്ധനയോടെയാണ് കടകള്‍ തുറക്കാന്‍ അനുമതി. കടകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഈ ഇളവ് ബാധകമാകില്ല. ഷോപ്പിംഗ് മാളുകള്‍ക്കും വന്‍കിട മാര്‍ക്കറ്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. കൊറോണ വ്യാപനം രൂക്ഷമായ കൂടുതല്‍ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ എത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലാണ് സാഹചര്യം വിലയിരുത്താന്‍ സംഘം എത്തുന്നത്.

അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തും. കേരളത്തിലൊഴികെ നേരത്തെ പ്രഖ്യാപിച്ച ഗ്രീന്‍ സോണുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Exit mobile version