ന്യൂഡല്‍ഹി: അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവസരം ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കൊറോണ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവധിക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരും തിരിച്ചുപോകാനാവാതെ രാജ്യത്ത് കുടുങ്ങി. കൊറോണ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അത്യാവശ്യമാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ അപേക്ഷിച്ചിരുന്നു.
ഇതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാനുള്ള അവസരമൊരുങ്ങിയത്. കൊറോണ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിദേശമന്ത്രാലയവും ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ധാരണയിലെത്തിയത്.
അതേസമയം, ഇന്ത്യയും ഗള്‍ഫ് നാടുകളുമായുള്ള ബന്ധം മോശമാക്കുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ കാര്യത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു.
ഗള്‍ഫ് നാടുകളിലേക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഇന്ത്യയില്‍ നിന്നും എത്തിക്കുന്നത് റംസാന്‍ ദിനങ്ങളിലും തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരസെറ്റമോള്‍ എന്നീ മരുന്നുകളും ഇന്ത്യയോട് എത്തിച്ചുനല്‍കാന്‍ പല ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന കാര്യത്തിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ട്.
Discussion about this post