ഗുവാഹത്തി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തിനകത്ത് യാത്രാനുമതി നല്‍കി അസം സര്‍ക്കാര്‍. ഒരുലക്ഷം പേര്‍ക്ക് പാസ് നല്‍കിയതായി ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.
അപേക്ഷ പരിശോധിച്ചതിന് ശേഷം അതത് ജില്ലാ ഭരണകൂടമായിരിക്കും പാസ് അനുവദിക്കുക. ഉപാധികളോടെയാണ് യാത്രാനുമതി. മൂന്നുദിവസത്തേക്കാണ് അനുമതി നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് യാത്രാനുമതി നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍, രോഗികള്‍ എന്നിവര്‍ക്കാണ് പാസ് അനുവദിച്ചിരിക്കുന്നത്. കൂടാതെ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെയും സംസ്ഥാനത്തിനകത്തുള്ള സ്വന്തം നഗരങ്ങളിലേക്ക് മടങ്ങാന്‍ അനുവദിച്ചിട്ടുണ്ട്. പാസ് ലഭിച്ചവര്‍ക്ക് ഏപ്രില്‍ 25, 26, 27 ദിവസങ്ങളില്‍ തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കും.
സ്വന്തമായി കാറുള്ള 51,000ത്തിലധികം ആളുകള്‍ക്ക് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ പാസ് നല്‍കിയിട്ടുണ്ട്. സ്വന്തം വാഹനമില്ലാത്ത 41,000 പേര്‍ക്കും പാസ് അനുവദിച്ചിട്ടുണ്ട്. അവര്‍ക്കായി അസം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സൗജന്യ സര്‍വീസ് നടത്തും.
Discussion about this post