ന്യൂഡൽഹി: ലോക്ക്ഡൗൺ കാരണം രാജ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിക്കാനുള്ള പരിശോധനയിൽ 33 ശതമാനം വർധനവുണ്ടായതായി ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ സികെ മിശ്ര. രാജ്യത്ത് ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു. പരിശോധനയിൽ വർധനവുണ്ടായെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിക്കുന്നതിന്റെ ദിനം പ്രതിയുള്ള നിരക്ക് 4.4 ശതമാനമായി തന്നെ തുടരുന്നതായി മിശ്ര ചൂണ്ടിക്കാണിച്ചു. അഞ്ച് ലക്ഷത്തിലധികം പേരിൽ നടത്തിയ പരിശോധനയിൽ ഇരുപതിനായിരത്തിലധികം പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിൽ അഞ്ച് ലക്ഷം പേരിൽ ഒരു ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും ബ്രിട്ടണിൽ ഇത് 1.2 ലക്ഷമായിരുന്നുവെന്നും മിശ്ര ചൂണ്ടിക്കാണിച്ചു. യുഎസിലും ടർക്കിയിലും ഇത് 80,000 ആണെന്നും അദ്ദേഹം വിശദീകരിച്ചു.
നമ്മുടെ പരിശോധനാരീതി വ്യക്തതയുള്ളതും ഉദ്ദേശിച്ച ഫലം നൽകുന്നതും വികസിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഓരോ ദിവസവും പുതിയ കാര്യങ്ങളാണ് പഠിക്കുന്നത്. മാറുന്ന സാഹചര്യത്തിനനുസരിച്ച് നമ്മുടെ രീതിയും മാറ്റുക എന്നതാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ എണ്ണം വർധിക്കുകയാണെങ്കിൽ ത്രിതല സംവിധാനം സർക്കാർ തയ്യാറാക്കിയിട്ടുള്ളതായും മിശ്ര അറിയിച്ചു.