ന്യൂഡല്‍ഹി: സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ കേസെടുക്കരുതെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയില്‍. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര്‍ ഷായും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നാളെയാണ് അര്‍ണബിന്റെ അപേക്ഷ പരിഗണിക്കുക.
മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ഗ്രാമത്തില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഹിന്ദു സന്ന്യാസികളേയും കാര്‍ ഡ്രൈവറേയും ആള്‍ക്കൂട്ടം വധിച്ചിരുന്നു. ഏപ്രില്‍ 16നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയില്‍ നിന്നുള്ള അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നുമായിരുന്നു അര്‍ണബിന്റെ ചോദ്യം. കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ലെന്നും ഇറ്റലിയാണെന്നും അര്‍ണബ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
ഇത് പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംസ്ഥാനങ്ങളിലായി 16 പരാതികളാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയിട്ടുള്ളത്.
ഇതിന് പിന്നാലെയാണ് പരാതികളില്‍ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. നാളെ രാവിലെ 10.30ഓടെയായിരിക്കും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര്‍ ഷായും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അര്‍ണബിന്റെ അപേക്ഷ പരിഗണിക്കുക.
Discussion about this post