തിരുവവനന്തപുരം: പ്രവാസികളുടെ മൃതദേഹങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവില്‍ യാതൊരു വിലക്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം മൗനം പാലിക്കുകയല്ല, മറിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.
ചരക്കുവിമാനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രവാസലോകം രംഗത്തെത്തി. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എത്തിയത്.
കൊച്ചി വിമാനത്താവളത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിനാല്‍ കായംകുളത്തുകാരന്റെ മൃതദേഹം ദുബായില്‍ നിന്ന് വിമാനത്തില്‍ കയറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസം ചെന്നെ വിമാനത്താവളത്തിലെത്തിയ രണ്ട് മൃതദേഹങ്ങള്‍ ചില തടസങ്ങള്‍ കാരണം പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാര്‍ തിരികെ ഇങ്ങോട്ടേക്ക് വരേണ്ടതില്ല എന്ന നിലപാടല്ല കേന്ദ്രസര്‍ക്കാരിനുള്ളത്. ഇരു രാജ്യങ്ങളിലേയും സാഹചര്യങ്ങള്‍ മനസിലാക്കി സുരക്ഷകൂടി ഉറപ്പുവരുത്തിയതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും എല്ലാ ഇന്ത്യക്കാരുടെ കാര്യത്തിലും ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
സാധാരണ മൃതദേഹങ്ങള്‍ കൊണ്ടുവന്നിരുന്നത് യാത്രാവിമാനങ്ങളിലാണ്. ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷനും വിദേശകാര്യ വകുപ്പുമാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാലാണ് മൃതദേഹങ്ങള്‍ ചരക്ക് വിമാനത്തില്‍ കൊണ്ടുവന്നിരുന്നതെന്നും അത് പലവിധത്തിലുമുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വെച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായുമായി സംസാരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ദുബായില്‍ മരിച്ച കായംകുളത്തുകാരന്റെ മൃതദേഹം തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.