മുംബൈ: മുംബൈയില്‍ രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ധാരാവി, വര്‍ളി, മഹാലക്ഷ്മി, മാട്ടുംഗ, സയണ്‍, പന്‍വേല്‍, അന്ധേരി വെസ്റ്റ്, ഗോവണ്ടി, മാന്‍ഖുര്‍ദ്, നാഗ്പാഡ, ബൈക്കുള എന്നീ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനത്തിന് സാധ്യതയെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. ഭക്ഷ്യ സംസ്കരണ-വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയില്‍ എത്തിയത്.
ധാരാവിയും മുംബൈയുടെ മറ്റ് ഇതരമേഖലകളും സന്ദര്‍ശിച്ച സംഘം ഐസലേഷന്‍ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും വലിയ കുറവായിരിക്കും അടുത്ത പ്രധാന പ്രതിസന്ധിയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കേന്ദ്ര സംഘത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ ക്രമീകരണമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ അടക്കം ഏറ്റെടുത്ത് അതിവേഗം കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്കി. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്. സംസ്ഥാനത്ത് പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും പരിശോധന നടത്തുക എന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 5652 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 269 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post