ചെന്നൈ: ലക്ഷങ്ങള്‍ ഭക്ഷണം ലഭിക്കാതെ വലയുമ്പോള്‍ സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് ഖുശ്ബു ആവശ്യം ഉണര്‍ത്തിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് നിരവധി സെലിബ്രിറ്റികളും മറ്റ് പ്രമുഖരുമൊക്കെ പാചക പരീക്ഷണങ്ങളിലാണ്. പരീക്ഷണങ്ങളിലൂടെ അവര്‍ ഉണ്ടാക്കിയ പല തരം ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. ലോക്ഡൗണായതിനാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉള്ളപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാതിരിക്കുന്നതാണ് നല്ലത് എന്നാണ് ഖുശ്ബുവിന്റെ അഭിപ്രായം.
ഖുശ്ബു കുറിച്ചത് ഇങ്ങനെ;
വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രം പലരും പോസ്റ്റ് ചെയ്തിരിക്കുന്നത് ഞാന്‍ കണ്ടു. പാത്രങ്ങളില്‍ ഭക്ഷണം ഉള്ള നമ്മല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നതിന് പോലും പ്രതിസന്ധി അനുഭവിക്കുന്ന നിരവധി പേരുണ്ട്. അവരോട് നമുക്ക് ഐക്യപ്പെടാം. കഴിച്ചോളൂ, പക്ഷെ പ്രദര്‍ശിപ്പിക്കേണ്ട’