അഹമ്മദാബാദ്: പണക്കാരായ കൊറോണ രോഗികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി ഗുജറാത്ത്. ഭക്ഷണമടക്കം ദിവസം 3000 രൂപയോളമാണ് വാടകയീടാക്കുക. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികള്‍ക്കു മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.
അഹമ്മദാബാദിലെ എസ്.ജി.ഹൈവേയിലെ ഫേണ്‍ ഹോട്ടലാണ് കെയര്‍ സെന്ററാക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ വിജയ് നെഹ്റ അറിയിച്ചു. കെയര്‍ സെന്ററുകളിലെ പരിമിത സൗകര്യങ്ങളില്‍ അനിഷ്ടം പ്രകടിപ്പിച്ചവര്‍ക്കു വേണ്ടിയാണ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇവരെ താത്കാലിക കെയര്‍സെന്ററുകളില്‍ താമസിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. കോളേജ് ഹോസ്റ്റല്‍, ഹജ്ജ് ഹൗസ് തുടങ്ങിയവയൊക്കെയാണ് ഇതിനായി ഒരുക്കിയത്. ഇവിടെ സൗജന്യ സേവനമാണ്.
എന്നാല്‍ ഇത്തരം കെയര്‍ സെന്ററുകളിലെ പരിമിത സൗകര്യങ്ങളില്‍ അനിഷ്ടം പ്രകടിപ്പിച്ചവര്‍ നിരവധി പേരാണ്. ഇവര്‍ക്ക് വേണ്ടിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്നത്. ഹോട്ടല്‍ ആവശ്യപ്പെടുന്ന പണം കൊടുക്കാന്‍ തയ്യാറുള്ള രോഗികള്‍ക്ക് ഇവിടെ കഴിയാം.
അതേസമയം, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമാവുകയും ചെയ്താല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റും. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ പോരെന്നുള്ളവര്‍ക്കായി മൂന്നു സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സിവില്‍ ആശുപത്രിയിലെ സൗകര്യങ്ങളില്‍ രോഗികള്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിതിനാല്‍ മേല്‍നോട്ടത്തിന് ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങള്‍.
Discussion about this post