ചെന്നൈ: ചെന്നൈയിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. രോഗബാധയുടെ ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതോടെ ചെന്നൈനഗരം സാമൂഹിക വ്യാപനഭീതിയിലായിരിക്കുകയാണ്. എന്നാല്‍ ഇതുവരെ സാമൂഹികവ്യാപനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്ത് 60-ഓളം പേര്‍ക്ക് എങ്ങനെ രോഗംബാധിച്ചുവെന്ന് കണ്ടെത്താന്‍ ഇതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. രോഗികളിലേറെയും ചെന്നൈയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകര്‍, എസ്.ഐ. എന്നിവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
കൊറോണ സ്ഥിരീകരിച്ച തമിഴ് ദിനപത്രത്തിലെ ലേഖകനില്‍നിന്ന് മറ്റ് പല മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയിരുന്ന പത്രസമ്മേളനത്തില്‍ പതിവായി പങ്കെടുത്തിരുന്നയാളായിരുന്നു ഈ ലേഖകന്‍.
പാരീസ് കോര്‍ണറില്‍ പട്രോളിങ് ജോലിയിലായിരുന്നു രോഗം സ്ഥിരീകരിച്ച എസ്.ഐ. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടുന്നതിനുവേണ്ടി വാഹനപരിശോധന നടത്തിയിരുന്ന ഇദ്ദേഹത്തിന് ആരില്‍നിന്ന് രോഗംപടര്‍ന്നുവെന്നും ഇദ്ദേഹത്തില്‍ നിന്ന് ആര്‍ക്കൊക്കെ രോഗം വന്നുകാണുമെന്നൊന്നും വ്യക്തമല്ല.
രോഗം പടര്‍ന്നുപിടിക്കുമ്പോഴും ജനങ്ങള്‍ ഇതേപ്പറ്റി ബോധവാന്മാരല്ല. നഗരങ്ങളിലും മറ്റും ഇപ്പോഴും തിരിക്കാണ്. അതേയമയം, സംസ്ഥാനത്ത് കൊറോണ ബാധ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു
എന്നാല്‍ ഇതുവരെ സാമൂഹികവ്യാപനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പക്ഷേ, ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയുമാണ്. ഇതേക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ആരോഗ്യവകുപ്പിനാകുന്നില്ല.
Discussion about this post