‘രാമഭക്തനായ ഹനുമാന്‍ ദളിത്’ വോട്ട് ലക്ഷ്യമിട്ട് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം; മൂന്ന് ദിവസത്തിനുളളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പു നല്‍കി വലതുപക്ഷ നേതാക്കള്‍

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്

അലഹബാദ്: രാമഭക്തനായ ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി രാജസ്ഥാനിലെ വലതുപക്ഷ നേതാക്കള്‍.  മൂന്ന് ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് വലതുപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദളിത് വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമാക്കി നടത്തിയ പരാമര്‍ശമാണ് യോഗി ആദിത്യനാഥിനെ ഇപ്പോള്‍ കുഴിയില്‍ ചാടിച്ചിരിക്കുന്നത്. ഇതിനുമുമ്പ് ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം ഹനുമാന്‍ ദളിതാനാണെന്ന് പറഞ്ഞിരുന്നു.

Exit mobile version