ഭോപ്പാൽ: പിതാവ് കോവിഡ് 19 ബാധിച്ച് മരിച്ചതിന് പിന്നാലെ രോഗം പകരുമെന്ന് യന്ന് ശവസംസ്കാര ചടങ്ങ് നടത്താതെ ഒഴിഞ്ഞുമാറി മകൻ. ഭോപ്പാലിലാണ് സംഭവം. തുടർന്ന് തഹസിൽദാർ ഗുലാബ് സിങ്ങാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ദൂരെ നിന്നു കൊണ്ട് കുടുംബാംഗങ്ങൾ സംസ്കാരചടങ്ങ് വീക്ഷിച്ചു.
ഏപ്രിൽ 20നാണ് കോവിഡ് 19 ബാധിച്ച് പ്രേംസിങ് മരിച്ചത്. ഹിന്ദു ആചാരപ്രകാരം പ്രേംസിങ്ങിന്റെ സംസ്കാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും സഹോദരി ഭർത്താവും അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ ഇവർ വിസമ്മതിക്കുകയായിരുന്നു.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിച്ചു കൊണ്ട് മരണാനന്തര ചടങ്ങുകൾ നടത്താമെന്ന് തഹസിൽദാർ മകനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അണുബാധയുണ്ടാകുമെന്ന ഭയത്താൽ ഇയാൾ മരണാനന്തര ചടങ്ങുകൾക്ക് തയ്യാറായില്ല. അമ്മയും മകന്റെ കൂടെ നിന്നു. ഇതോടെ തഹസിദാർ സംസ്കാര ചടങ്ങ് നടത്താൻ തയ്യാറാവുകയായിരുന്നു.
മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് ചടങ്ങിന് താൻ തയ്യാറായതെന്ന് പിന്നീട് തഹസിൽദാർ പറഞ്ഞു. കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇവരെ ഭയപ്പെടുത്തിയതെന്നാണ് ഗുലാബ് സിങ് പറയുന്നത്. സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം കാണാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുവദിക്കും. സ്പർശിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യചുംബനം നൽകാനോ അനുവാദമില്ല.
Discussion about this post