ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1329 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 18,985 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 640 ആയി.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 5,218 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 232 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. മഹാരാഷ്ട്രയില്‍ കാട്ടുതീ പടരുന്നതുപോലെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 552 കേസുകളാണ് ചൊവ്വാഴ്ച മാത്രം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടുചെയ്തത്. സംസ്ഥാനത്തെ കൊറോണ ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണ് മുംബൈ.
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹി (2156), ഗുജറാത്ത് (2,066) എന്നീ സംസ്ഥാനങ്ങളാണ് രോഗബാധ ഏറ്റവും അധികമുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. അതേസമയം പരിശോധനാഫലത്തില്‍ കൃത്യതയില്ലെന്ന പരാതിയെ തുടര്‍ന്ന് രാജ്യത്ത് റാപിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന രണ്ടുദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ തെറ്റായ പരിശോധനഫലമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍ നേരത്തേ രംഗത്ത് എത്തിയിരുന്നു. 90 ശതമാനം കൃത്യതയെങ്കിലും വേണ്ട സ്ഥാനത്ത് 5.4 ശതമാനം മാത്രമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
Discussion about this post