ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പച്ചക്കറി ഭക്ഷണം മാത്രം: പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

ജയ്പുര്‍: ക്വാറന്റൈന്‍ കേന്ദ്രത്തിലെ പച്ചക്കറി ഭക്ഷണം മടുത്തു, പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ച അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്സല്‍മേര്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മധ്യപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായത്.

അതേസമയം, ക്വാറന്റൈന്‍ കേന്ദ്രത്തിലെ പച്ചക്കറി ഭക്ഷണം മടുത്തിട്ടാണ് പക്ഷിയെ കൊന്ന് കഴിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതികളുടെ വാദം. ഫ്രാങ്ക്ളിന്‍ പക്ഷിയെയാണ് ഇവര്‍ പാകം ചെയ്യാന്‍ ശ്രമിച്ചത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 3 വിഭാഗത്തില്‍പ്പെടുന്ന പക്ഷിയാണ് ഫ്രാങ്ക്ളിന്‍.

പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ചതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. കൂടാതെ ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറിയതിനും കേസെടുത്തതായി പോലീസ് പറഞ്ഞു.

ഇവര്‍ പക്ഷിയെ പാകം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ട് ക്വാറന്റൈന്‍ കേന്ദ്രമായ സ്‌കൂളിലെ അധ്യാപകന്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ അധ്യാപകനെ വടി കൊണ്ട് അടിച്ചോടിച്ചു. തുടര്‍ന്ന് അധ്യാപകനാണ് പോലീസില്‍ വിവരമറിയിച്ചത്.

Exit mobile version