ന്യൂഡല്‍ഹി: ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി സംസ്‌കരിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മ്മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രജനവിഭാഗങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ അവര്‍ക്ക് അവകാശപ്പെട്ട അരി എടുത്ത് പണക്കാരുടെ കൈ വൃത്തിയാക്കാന്‍ ഉപയോഗിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
‘എല്ലാത്തിനുമുപരി, എന്നാണ് ദരിദ്രജനവിഭാഗങ്ങള്‍ ഉണരുക?, നിങ്ങള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്. അവര്‍ നിങ്ങളുടെ അരി വിഹിതം എടുത്ത് പണക്കാര്‍ക്ക് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുളള തിരക്കിലാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു. ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി സംസ്‌കരിച്ച് എഥനോള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
പെട്രോളിയം, പാചക വാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യൂവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അരി സംസ്‌കരിക്കാന്‍ അനുമതി നല്‍കിയത്. ലോക്ക്ഡൗണ്‍ മൂലം രാജ്യത്തെ പല ഭാഗങ്ങളിലായി ജനം ഭക്ഷണം ഇല്ലാതെ വലയുമ്പോള്‍ അരി ഉപയോഗിച്ച് എഥനോള്‍ നിര്‍മ്മിക്കാനുളള തീരുമാനം വ്യാപകമായ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തുന്നത്.
Discussion about this post