തമിഴ്‌നാട്ടില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; ചാനല്‍ അടച്ചു പൂട്ടി

ചെന്നൈ: ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. റോയപുരത്ത് കൊവിഡ് 19 സ്ഥീരികരിച്ച സ്വകാര്യ ചാനല്‍ മാധ്യമപ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ വന്നതിനെ തുടര്‍ന്ന് ചാനല്‍ താത്കാലികമായി അടച്ചു.

സഹപ്രവര്‍ത്തകരായ 94 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 27പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ചില പരിശോധന ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് റോയപുരം കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഇതുവരെ 1520 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനേഴ് പേര്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. 457 പേര്‍ രോഗമുക്തരായി.

Exit mobile version