കൊല്‍ക്കത്ത: ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനായി പറഞ്ഞുകൊടുക്കുക മാത്രമെ വഴിയൊള്ളൂ. ഇതിനിടയില്‍ നെറ്റ് കൂടി പണിതന്നാലോ..? അങ്ങനെയൊരു പണി കിട്ടിയ അധ്യാപകന് ചെയ്തത് മരത്തില്‍ കയറുകയായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സിഗ്നല്‍ തകരാറ് വെല്ലുവിളിയായതോടെ മരത്തിന് മുകളിലേയ്ക്ക് കയറുകയായിരുന്നു. കൊല്‍ക്കത്തയിലെ മത്സര പരീക്ഷാ പരിശീലനം നല്കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബത്ര പാഠി എന്ന ഈ അധ്യാപകന് പഠിപ്പിച്ചിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലെ അഹാന്ദ ഗ്രാമത്തിലെ വീട്ടില്‍ കുടുങ്ങിയ സുബത്രയോട് ഓണ്‍ലൈനായി ക്ലാസുകള്‍ എടുക്കാമോയെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചോദിക്കുകയായിരുന്നു.
എന്നാല്‍ മൊബൈല്‍ സിഗ്നല്‍ കൃത്യമായി ലഭിക്കാതെ ക്ലാസുകള്‍ മുടങ്ങുമെന്ന് വന്നതോടെയാണ് ഈ അധ്യാപകന് സമീപത്തെ വേപ്പ് മരത്തില്‍ കയറി അഭയം തേടിയത്. കൂടുതല്‍ ഉയര്‍ന്ന സ്ഥലത്ത് എത്തിയാല്‍ സിഗ്നല്‍ തകരാറുകള്‍ കുറയുമോയെന്ന് പരീക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ പരീക്ഷണം സഫലമായതോടെ വേപ്പ് മരത്തിന് മുകളില്‍ ഒരു തട്ട് ഉണ്ടാക്കി ക്ലാസുകള്‍ മരത്തിന് മുകളില്‍ നിന്നാണ് ഈ അധ്യാപകന് നല്‍കുന്നത്.
നിലവില്‍ എല്ലാദിവസവും രാവിലെ സുബത്ര മരത്തിന് മുകളില്‍ സജ്ജമാക്കിയ പ്ലാറ്റ്ഫോമിലെത്തി ക്ലാസുകള്‍ എടുക്കുകയാണ് ചെയ്യുന്നത്. ചരിത്രമാണ് സുബത്രയുടെ വിഷയം. മുളകള്‍ കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ്ഫോമില്‍ വൈക്കോല്‍ വിരിച്ചാണ് അധ്യാപകന് ക്ലാസ് റും തയ്യാറാക്കിയത്. ഭക്ഷണം കഴിക്കാനായി ഇറങ്ങി വരുന്നത് ബുദ്ധിമുട്ടായതിനാല്‍ കുറച്ച് ഭക്ഷണവുമായാണ് രാവിലെ മരത്തിന് മുകളെ ക്ലാസ് റൂമിലേക്ക് സുബത്ര എത്തുന്നത്. വെയിലും മൂത്രശങ്കയുമാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സുബത്ര പറയുന്നു. ചില ക്ലാസുകള്‍ വേനല്‍ മഴ തടസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ ബുദ്ധിമുട്ടുകള്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും ഓണ്‍ലൈന്‍ ക്ലാസുകളിലെത്തുന്ന വിദ്യാര്‍ഥികളെ ബാധിക്കാതിരിക്കണമെന്ന ആഗ്രഹമാണ് ഇപ്പോഴുള്ളതെന്നാണ് സുബത്ര പ്രതികരിച്ചു.
Discussion about this post