ചെന്നൈ: തമിഴ്നാട്ടില്‍ വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ സംഘത്തിലെ രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 127 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച നാട്ടില്‍ തിരിച്ചെത്തിയ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ നിന്നുള്ളവരാണ് വാരാണസി തീര്‍ത്ഥാടനത്തിന് പോയത്.
വാരാണസിലേക്ക് ഫെബ്രുവരിയില്‍ യാത്ര തിരിച്ച സംഘം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരോടൊപ്പം ഇരുപത് ദിവസമാണ് സംഘം അവിടെ കഴിഞ്ഞത്. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തീര്‍ത്ഥാടക സംഘം പ്രാദേശിക ഭരണകൂടത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് അവരുടെ ഇടപെടലിനെ തുടര്‍ന്ന് തീര്‍ത്ഥാടകരെയെല്ലാം പ്രത്യേക ബസുകളിലാണ് അതത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്.
തമിഴ്നാട്ടില്‍ തിരിച്ചെത്തിയ ഇവരെ അപ്പോള്‍ തന്നെ തിരുവള്ളൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ രോഗലക്ഷണം കാണിച്ചവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം ഉടന്‍ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
Discussion about this post