ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 18000 കടന്നു.ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 18601 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 590 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 466 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 4666 ആയി. ഇതുവരെ 232 പേരാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം രാജ്യത്തെ പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത് കുറഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ പത്ത് പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വലിയ വെല്ലുവിളിയാണെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയത്. അസമിലെ വൈറസ് ബാധിതരില്‍ 80 ശതമാനത്തിനും, ഉത്തര്‍പ്രദേശിലെ എഴുപത്തിയഞ്ച് ശതമാനത്തിനും, മഹാരാഷ്ട്രയിലെ 65 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടിരുന്നില്ല. രാജ്യ തലസ്ഥാനത്തെ രോഗബാധിതരില്‍ 8.5 ശതമാനം പേരും കൊവിഡ് ലക്ഷണം കാണിച്ചിട്ടില്ല. 20-നും 45-നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗലക്ഷണങ്ങളില്ലാതെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പലര്‍ക്കും പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടല്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി ഉയര്‍ന്നു. എന്നാല്‍ രാജ്യത്തെ 170 ജില്ലകളെ കൊവിഡ് റെഡ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തീവ്ര ബാധിത പ്രദേശങ്ങളും ക്ലസ്റ്ററുകളും ഉള്‍പ്പെടുന്നതാണ് റെഡ് സോണ്‍. തീവ്ര മേഖലകളിലെ സ്ഥിതി പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
Discussion about this post