മുംബൈ: കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പോലും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് മുംബൈ ജസ്ലോക് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍. ജോലിക്ക് എത്തിയവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്നു മാത്രമാണ് വ്യക്തി സുരക്ഷ (പിപിഇ) കിറ്റുകള്‍ നല്‍കിയതെന്നും നഴ്സുമാര്‍ പറഞ്ഞു.
നഴ്സുമാര്‍ തങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് നിലവിലെ ദുരവസ്ഥ മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ കേരള സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും ഇടപെടല്‍ അത്യാവശ്യമാണെന്നും മുംബൈ ജസ്ലോക് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറയുന്നു.
മൂന്ന് ഹോസ്റ്റലുകളിലായി താമസിക്കുന്ന മലയാളികളടക്കമുള്ള 225 ഓളം പേരില്‍ 26 നഴ്സുമാര്‍ക്ക് കൊറോണ ബാധിച്ചതായാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഈ കണക്കുകളില്‍ വിശ്വാസമില്ലെന്നും കൃത്യമായ പരിശോധനയോ പരിശോധന ഫലം രേഖാ മൂലം നല്‍കുകയോ ചെയ്യുന്നില്ലെന്നും നഴ്സുമാര്‍ പരാതി പറയുന്നു.
കൂടാതെ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ പോലും ജോലിക്ക് നിര്‍ബന്ധിക്കുന്നുണ്ട്. ജോലിക്ക് എത്തിയവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്നു മാത്രമാണ് വ്യക്തി സുരക്ഷ (പിപിഇ) കിറ്റ് നല്‍കിയതെന്നും കൊറോണ സംശയത്തെ തുടര്‍ന്ന് സമ്പര്‍ക്ക വിലക്കിലുള്ളവര്‍ തന്നെയാണ് ഹോസ്റ്റലിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സമ്പര്‍ക്ക വിലക്കിലാക്കാന്‍ ഹോസ്റ്റലില്‍ നിന്ന് ഹോട്ടലുകളിലേക്ക് മാറ്റിയവരെ പിന്നീട് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഇറക്കി വിട്ടതായും പരാതിയുണ്ട്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും നഴ്സുമാര്‍ അഭ്യര്‍ത്ഥിക്കുന്നു.