ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ അടുത്തവർഷത്തിനുള്ളിൽ വികസിപ്പിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇന്ത്യൻ കമ്പനി. വാക്‌സിൻ വിജയകരമായാൽ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവൻ എത്തിക്കുമെന്നും ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്19 നെ പ്രതിരോധിക്കാൻ വാക്‌സിൻ ഇറക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന് അറിയിച്ചിരിക്കുന്നത്.
കമ്പനി പറയുന്നത് അനുസരിച്ച് അവർ നിലവിൽ എലികളിലും പ്രൈമേറ്റുകളിലും ഉപയോഗിച്ച് മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അടുത്ത മാസത്തോടെ ഇന്ത്യയിൽ തന്നെ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നുമാണ് പറയുന്നത്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് 19നുള്ള വാക്‌സിൻ വികസിപ്പിച്ചെടുക്കുമ്പോൾ അതിന് പേറ്റന്റ് നൽകില്ലെന്നും സെറം ഇന്ത്യ അറിയിച്ചിരിക്കുകയാണ്. വാക്‌സിൻ വികസിപ്പിച്ചെടുത്താൽ ആർക്കും നൽകാം, നിർമ്മിക്കുകയും ചെയ്യാമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്. 2021 ഓടെ വാക്‌സിൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതും പേറ്റന്റില്ലാതെ. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കോവിഡ്19നുള്ള സെറം വാക്‌സിൻ എല്ലാവർക്കും ഉത്പാദിപ്പിക്കാനും വിൽക്കാനും ലഭ്യമായിരിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ലയുടെതാണ് വാക്കുകൾ.
വാക്‌സിൻ വികസിപ്പിച്ചാൽ തന്നെ ലോകമെങ്ങും അത് എത്തിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തെ വാക്‌സിൻ നിർമ്മാതാക്കൾ പങ്കാളികളാകണം. ഇതിനാൽ തന്നെ ഏത് കമ്പനി വാക്‌സിൻ വികസിപ്പിച്ചാലും പേറ്റന്റുകൾ ഉപയോഗിച്ച് മറച്ചുവെക്കാനാകില്ലെന്ന് അദാർ പൂനവല്ല പറയുന്നു. സെറം ഇന്ത്യ അതിന്റെ വാക്‌സിൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പേറ്റന്റ് നൽകില്ല.
കൊവിഡ് വാക്‌സിൻ പണം സമ്പാദിക്കാനും വാണിജ്യവത്ക്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സെറം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നതിനാൽ ഈ തീരുമാനം വേഗം എടുക്കാൻ സാധിക്കും. ലിസ്റ്റുചെയ്ത സ്ഥാപനമായിരുന്നെങ്കിൽ ഈ തീരുമാനം എടുക്കണമെങ്കിൽ ഓഹരി ഉടമകളുടെ അനുവാദവും എടുക്കേണ്ടി വരുമായിരുന്നുവെന്ന് അദാർ പൂനവല്ല പറയുന്നു.
Discussion about this post