പുരി: ഒഡീഷയിലെ കർശ്ശന ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച്് പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇൻസ്‌പെക്ടറുടെ ദുഷ്‌പെരുമാറ്റത്തിന്റെ പേരിൽ കേസെടുത്തതായും അദ്ദഹം അറിയിച്ചു.
ദീപക് കുമാർ ജെനെ എന്ന പോലീസ് ഓഫീസർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഒഡീഷ പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ജനങ്ങൾ പ്രവേശിക്കുന്നതിനും കർശന വിലക്കുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥൻ കുടുംബസമേതം പുരി ജഗന്നാഥ ക്ഷേത്രത്തിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായ പോലീസ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒഡീഷയിലെ എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെയാണ് പുരി ക്ഷേത്രത്തിൽ അനുവാദമില്ലാതെ പോലീസ് ഉദ്യോഗസ്ഥനും കുടുംബവും പ്രവേശിച്ചത്.
Discussion about this post